വിചിന്തനം: എടുത്തുചാട്ടക്കാരനും സദാ ഇളകിക്കൊണ്ടുമിരുന്ന പത്രോസ് പാറപോലെ ഉറപ്പുള്ളതായി. ആ പാറമേൽ ക്രിസ്തു തന്റെ സഭ സ്ഥാപിച്ചു. തന്റെ മുന്നിൽ നിൽക്കുന്നത് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന് വിളിച്ചു പറയാൻ തക്ക ഉറച്ചതായിരുന്നു പത്രോസിന്റെ വിശ്വാസം. ഒരു നിമിഷം മാനുഷികതയിൽ നിന്നും പത്രോസ് ദൈവത്തിങ്കലേക്ക് ഉയരുന്നു. നിഷ്കളങ്കനായ പത്രോസിന് ദൈവിക രഹസ്യം വെളിപ്പെടുത്തുന്നു. നമ്മുടെ വിദ്യാഭ്യാസ യോഗ്യതയല്ല; മറിച്ച്, ശിശു സഹജമായ നിഷ്കളങ്കതയാണ് കർത്താവിന് സ്വീകാര്യം. ക്രിസ്തു സ്നേഹിച്ചപ്പോഴും ശകാരിച്ചപ്പോഴും പത്രോസ് ക്രിസ്തുവിനോട് ചേർന്ന് നിന്നു. അതിന് പ്രതിഫലമായി കർത്താവ് സ്വർഗരാജ്യത്തിന്റെ താക്കോലുകൾ പത്രോസിന് നൽകുന്നു. തിരമാലകൾപോലെ ഇളകുന്ന പത്രോസിനെ പാറപോലെ ഉറപ്പുള്ളതാക്കി അതിന് മേൽ ക്രിസ്തു തന്റെ സഭ സ്ഥാപിച്ചു. നമ്മുടെ ഉള്ളിലും ഒരു പത്രോസുണ്ടാകണം. ആ നിഷ്കളങ്കതയിൽ കർത്താവ് പ്രസാദിക്കും. നമ്മുടെ നിഷ്കളങ്കതയിൽ തെളിയുന്ന വിശ്വാസനാളത്തെ കർത്താവ് പാറപ്പോലെ ഉറപ്പുള്ളതാക്കും. അങ്ങനെ സഭയുടെ വളർച്ചയിൽ ഒരു ചവിട്ടു പടിയാകാൻ നമുക്കും സാധിക്കും. നമുക്കുണ്ടാകേണ്ടത് ക്രിസ്തുവിനുവേണ്ടി എടുത്തു ചാടുവാനുള്ള ഒരു ഹൃദയം മാത്രം.
@Pastoral Ministry