തിരുവനന്തപുരം അതിരൂപതയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് ഫെറോനയാണ് പുല്ലുവിള. കേരളത്തിന്‍റെ തെക്കേ അറ്റത്ത്, തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെട്ട മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും അവയോട് ചേര്‍ന്ന് കിടക്കു ന്ന 6 കര്‍ഷക ഗ്രാമങ്ങളും ചേരുന്നതാണ് പുല്ലുവിള ഫെറോന. കരുംകുളം, കാഞ്ഞിരംകുളം, പൂവ്വാര്‍, കാരോട്, കുളത്തൂര്‍, അതിയന്നൂര്‍, കോട്ടുകാല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ ഫെറോനപരിധിയില്‍ വരുന്നു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയാണ് ഈ ഫെറോന. വിശ്വാസ ജീവിതം നയിക്കുന്ന ഇവിടത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും മത്സ്യത്തൊഴികളാണ്. ജനങ്ങളുടെ മുഴുവന്‍ ജീവിതവും ദൈവാലയ കേന്ദ്രീകൃതമാണ്. അതുകൊണ്ട് തന്നെ ക്രിസ്തീയ ജീവിതം വളരെ ചലനാത്മകവുമാണ്.
ഈ പ്രദേശത്തെ വിശ്വാസ ജീവിതത്തിന്‍റെ തുടക്കം കരുംകുളം ദൈവാലയവുമായി ബന്ധപ്പെട്ടതാണ്. ആദ്യകാലങ്ങളില്‍ വള്ളവിള മുതല്‍ വിഴിഞ്ഞം വരെയുള്ള വിശ്വാസികള്‍ക്കായി ദിവ്യബലിയുള്ള ഏകദൈവാലയം കരുംകുളം സെന്‍റ്ആന്‍ഡ്രൂസ് പള്ളി ആയിരുന്നു. അതുകൊണ്ട് ഈ പള്ളി തായ്പള്ളി എന്നാണറിയപ്പെട്ടിരുന്നത്. അതേ സമയം മറ്റ് സ്ഥലങ്ങളില്‍ ഓലമേഞ്ഞ പള്ളികളില്‍ വിശ്വാസികള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിച്ചിരുന്നു.
വാഹനസൗകര്യമില്ലാതിരുന്ന ആ നാളുകളില്‍ ഓരോ സ്ഥലത്തെയും പ്രധാനപ്പെട്ട വ്യക്തികള്‍ ഞായറാഴ്ച ദിവസങ്ങളിലും മറ്റ് വിശേഷദിവസങ്ങളിലും കരുംകുളം പള്ളിയിലര്‍പ്പിക്കപ്പെട്ടിരുന്ന ദിവ്യബലിയുടെ അവസാന ആശീര്‍വാദം വെള്ളത്തുണികളില്‍ ഏറ്റുവാങ്ങി വളരെ ഭദ്രമായി പൊതിഞ്ഞ് അവരുടെ സ്ഥലങ്ങളിലേയ്ക്ക് മടങ്ങുമായിരുന്നു. ജപമാലയ്ക്കും മറ്റ് പ്രാര്‍ത്ഥനകള്‍ക്കും ശേഷം പ്രസ്തുത തുണിനിവര്‍ത്തുമ്പോള്‍ അവിടെ സമ്മേളിച്ചിരിക്കുന്നവര്‍ ഈ ആശീര്‍വാദം ഏറ്റുവാങ്ങി വിശ്വാസത്തോടെ വണങ്ങി സന്തുഷ്ടരായി വീടുകളില്‍ തിരിച്ചുപോയിരുന്ന ഒരു ആചാരം നിലനിന്നിരുന്നു.
1786-ല്‍ പൗലോസ് ബര്‍ത്തലോമിയോ എന്ന പാതിരി തയ്യാറാക്കിയ ഇടവക ഭൂപടത്തില്‍ കരുംകുളത്തിന്‍റെ കീഴില്‍ എട്ടുപള്ളികള്‍ രേഖപ്പെടുത്തിക്കാണുന്നു. കൊച്ചിരൂപത നിലവില്‍ വന്നതോടെ പല പള്ളികളും സ്വതന്ത്ര ഇടവകകളായി ഉയര്‍ത്തപ്പെട്ടു. ഇക്കാലത്ത് വിഴിഞ്ഞം ഇടവക വികാരിയോടെ സ്വതന്ത്ര ഇടവകയായി ഉയര്‍ത്തപ്പെട്ടു. കരുംകുളം ആസ്ഥാനമാക്കി കൊച്ചുതുറ, ചിന്നമാര്‍ത്താണ്ഡംതുറ, പള്ളം, പുല്ലുവിള എന്നീ സബ്സ്റ്റേഷനുകളും ചേര്‍ത്ത് ഒരു വികാരിയുടെ കീഴിലും പരുത്തിയൂര്‍ മുതല്‍ വള്ളവിള വരെയുള്ള സ്ഥലം ഒരു വികാരിയുടെ കീഴിലുമാക്കി. കാലക്രമേണ കരുംകുളം പള്ളിയുടെ അധീനതയിലായിരുന്ന പല പള്ളികളും സ്വതന്ത്ര ഇടവകകളായി ഉയര്‍ത്തപ്പെട്ടു.
പള്ളിത്തുറ മുതല്‍ ഇരയിമന്‍തുറ വരെയുള്ള ഭാഗങ്ങള്‍ കൊച്ചി രൂപതയില്‍പ്പെട്ട ഒറ്റ വികാരിയേറ്റിന്‍റെ കീഴിലാണ് ആദ്ധ്യാത്മിക പരിരക്ഷ നല്‍കപ്പെട്ടിരുന്നത്. 1937 തിരുവനന്തപുരം രൂപത രൂപവത്ക്കരിച്ചതിനുശേഷം പുതിയ ഫെറോനകള്‍ക്ക് രൂപം നല്‍കി. വിഴിഞ്ഞം മുതല്‍ പൂവാര്‍ വരെയുള്ള ഇടവകകള്‍ ചേര്‍ത്ത് പുല്ലുവിള ഫെറോനയ്ക്ക് രൂപം നല്‍കി. പുല്ലുവിള ദൈവാലയത്തെ ഫെറോനദൈവാലയമായി ഉയര്‍ത്തുകയും ചെയ്തു.
1996 ല്‍ രൂപതാ വിഭജനത്തിനുശേഷം കോവളം ഫെറോന രൂപീകരിച്ചപ്പോള്‍ പുല്ലുവിളഫെറോനയുടെ ഭാഗമായിരുന്ന വിഴിഞ്ഞം ഇടവകയെ കോവളം ഫെറോനയോട് ചേര്‍ക്കുകയും തൂത്തൂര്‍ ഫെറോനയുടെ ഭാഗമായിരുന്ന പരുത്തിയൂരും, തെക്കേ കൊല്ലംകോടും പുല്ലുവിള ഫെറോനയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ തെക്കേ കൊല്ലംകോട്, പരുത്തിയൂര്‍, പൂവാര്‍, കൊച്ചുതുറ, കരുംകുളം, പുതിയതുറ, പള്ളം, പുല്ലുവിള, അടിമലത്തുറ, ലൂര്‍ദ്ദുപുരം, കൊച്ചുപള്ളി എന്നീ ഇടവകകളും ലൂര്‍ദ്ദുപുരത്തിന്‍റെ സബ്സ്റ്റേഷനുകളായ നമ്പ്യാതി, വെള്ളലുമ്പ്, കരിച്ചല്‍, എന്നിവയും കൊച്ചുപള്ളിയുടെ സബ്സ്റ്റേഷനായ ചൊവ്വരയും ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ പുല്ലുവിള ഫെറോന.
ഭാരതത്തില്‍ ഏറ്റവുമധികം ജനസാന്ദ്രതയേറിയ പഞ്ചായത്തായ കരുംകുളം പഞ്ചായത്ത് ഈ ഫെറോനയുടെ ഭാഗമാണ്. പുല്ലുവിള ഫെറോനയിലെ 80-85% ജനങ്ങളുടെയും ഉപജീവനമാര്‍ഗ്ഗം മത്സ്യബന്ധനവും അനുബന്ധതൊഴിലുകളുമാണ്. ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്നും പരമ്പരാഗതമായ ശൈലിയില്‍ മത്സ്യബന്ധനം നടത്തുന്നവരാണ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറിനെയാണ് ഇവര്‍ അധികവും ആശ്രയിക്കുന്നത്. ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും വിവിധഭാഗങ്ങളിലെന്നല്ല വിദേശരാജ്യങ്ങളില്‍ പോയി പോലും മത്സ്യബന്ധനത്തിലേര്‍പ്പെടുന്നു അതുകൂടാതെ കൂലിപ്പണിക്കാരും കര്‍ഷകരും ചുമട്ടുതൊഴിലാളികളും ഈ പ്രദേശത്തുണ്ട്. ഒരു കാലത്ത് വിദ്യാഭ്യാസപരമായി വളരെയധികം പ്രമുഖ വ്യക്തികളെ സംഭാവന ചെയ്തിരുന്ന സ്ഥലമാണ് പുല്ലുവിളയും സമീപപ്രദേശങ്ങളും. എന്നാല്‍ പില്‍ക്കാലത്ത് ആപാരമ്പര്യം പിന്‍തുടര്‍ന്നു പോകാന്‍ അവര്‍ക്കായില്ല.
കലാകായിക രംഗങ്ങളില്‍ വളരെയേറെ പ്രോത്സാഹനം നല്‍കിയിരുന്ന പ്രദേശമാണ് പുല്ലുവിള ഫെറോനയിലെ തീരദേശ ഇടവകകള്‍. മിക്കവാറും എല്ലാ ഇടവകകളിലും സ്പോട്സ് ആന്‍റ് ആര്‍ട്സ് ക്ലബുകള്‍ഉണ്ട്. എല്ലാ ക്ലബുകളും തന്നെ അതാത് ഇടവക മദ്ധ്യസ്ഥന്‍റെ പേരിനോടനുബന്ധിച്ചുള്ളവയാണ്. അല്ലാതെയുള്ള ക്ലബുകളും നിലവിലുണ്ട്. എല്ലാ ഇടവകകളിലും ചെറുതും വലുതുമായ ലൈബ്രറികളും നിലവിലുണ്ട്്പുല്ലുവിള ഫെറോനയിലെ മിക്കവാറും എല്ലാ ഇടവകകളിലും സ്ക്കൂളുകള്‍ (അശറലറ & ഡിമശറലറ )നിലവിലുണ്ട്. ഈ ഫെറോനയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക ഉന്നമനത്തിനായി ഏറെ സംഭാവനകള്‍ നല്‍കിയവയാണ് ഈ സ്ക്കൂളുകള്‍. ഇടവകകളുടെയും രൂപതയുടെയും സന്യസ്ഥരുടെയും മാത്രമല്ല ചില സ്വകാര്യ സര്‍ക്കാര്‍ സ്ക്കൂളുകളും ഈ ഫെറോനയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു. നല്ല വിദ്യാഭ്യാസ സാദ്ധ്യതയും മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും പരിഗണിച്ച് തങ്ങളുടെ മക്കളെ ഫെറോനയ്ക്ക് പുറത്തുള്ള സ്ക്കൂളുകളില്‍ അയച്ചു പഠിപ്പിക്കുന്ന മാതാപിതാക്കളും ഈ പ്രദേശത്തുണ്ട്.
ഫെറോനയുടെ പരിധിയില്‍ വരുന്ന സ്ക്കൂളുകള്‍ താഴെ പറയുന്നവയാണ്.
1) സെന്‍റ് മാത്യൂസ് എച്ച്.എസ്. – സൗത്ത് കൊല്ലംകോട്
2) സെന്‍റ് മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ – സൗത്ത് കൊല്ലംകോട്
3) സെന്‍റ് മേരീസ് എല്‍.പി.എസ്. – പരുത്തിയൂര്‍
4) എഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ – പൂവാര്‍
5) സെന്‍റ് അലോഷ്യസ് എല്‍.പി.എസ്, – കരുംകുളം
6) സെന്‍റ് ആന്‍റണീസ് എല്‍.പി.എസ്. – കൊച്ചുതുറ
7) സെന്‍റ് നിക്കോളാസ് എല്‍.പി.എസ്. – പുതിയതുറ
8) സെന്‍റ് ഹെലന്‍സ് എച്ച്.എസ്.എസ്. – ലൂര്‍ദ്ദ്പുരം
9) ലിയോ തേര്‍ട്ടീന്ത് എച്ച്.എസ്.എസ്. – പുല്ലുവിള
10) സെന്‍റ് മേരീസ് എല്‍.പി.എസ്. – പുല്ലുവിള
11) സെന്‍റ് ജോസഫ് എല്‍.പി.എസ്. – അടിമലത്തുറ
12) റോസമിസ്റ്റിക്ക റെസിഡന്‍ഷ്യല്‍ ഹൈസ്ക്കൂള്‍ – പുളുങ്കുടി
ഇവ കൂടാതെ പല ഇടവകകളിലും സിസ്റ്റേഴ്സും ഇടവകയും നടത്തുന്ന നേഴ്സറികളും അതിരൂപത തലത്തില്‍ നടത്തുന്ന സപ്ലിമെന്‍ററി വിദ്യാഭ്യാസവും നിലവിലുണ്ട്.
സാമൂഹ്യമുന്നേറ്റത്തിനായുള്ള ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള ഒരു പ്രദേശമാണ് പുല്ലുവിള ഫെറോന. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലായിരുന്നതുകൊണ്ട് പല സന്നദ്ധ സംഘടനകളും അവരുടെ ഒരു പ്രധാനപ്രവര്‍ത്തനമേഖലയായി ഈ പ്രദേശത്തെ തെരഞ്ഞെടുത്തിരുന്നു. പി.സി.ഓ., റ്റി.എസ്.എസ്.എസ്., റ്റി.ഡി.എഫ്.എഫ്., സിഫ്സ്. തുടങ്ങി പല പ്രസ്ഥാനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിരൂപതയുടെ നേതൃത്വത്തില്‍ റ്റി.എസ്.എസ്.എസ്.ന്‍റെ കീഴില്‍ വിവിധ തൊഴില്‍ പരിശീലനകേന്ദ്രങ്ങളും തൊഴില്‍ സംരംഭങ്ങളും ഭവനം, കക്കൂസ്, എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിവിധ പ്രോജക്ടുകളിലൂടെ നടപ്പാക്കിയിരുന്ന ഒരു പ്രദേശമാണ് പുല്ലുവിള ഫെറോന. ആരോഗ്യരംഗത്ത് ധാരാളം വെല്ലുവിളികള്‍ നേരിടുന്ന ഒരു മേഖലയാണിത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് മഴവെള്ളം പെട്ടെന്ന് ഒഴുകിപോകാതെ കെട്ടികിടക്കുന്നതും കടല്‍ തിരമാലകള്‍ തീരത്ത് കയറികെട്ടിക്കിടക്കുന്നതും വളരെയധികം മാലിന്യപ്രശ്നങ്ങള്‍, പ്രത്യേകിച്ച് മഴക്കാലത്ത്, ഇവിടെ സൃഷ്ടിക്കുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും കക്കൂസ് നിര്‍മ്മാണത്തിനും മറ്റും പലപ്പോഴും തടസ്സമാകുന്നു. ഇത് ജനങ്ങളുടെ ആരോഗ്യാവസ്ഥയെ സാരമായി ബാധിക്കുന്നു. ആരോഗ്യ പരിപാലനത്തിന് ഈ പ്രദേശത്തെ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രധാനമായും പുല്ലുവിളയിലേയും പൂവാറിലേയും പൊഴിയൂരിലേയും ഗവണ്‍മെന്‍റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളാണ്. ഇതുകൂടാതെ അടിമലത്തുറയില്‍ സന്യാസിനികള്‍ (ടഞഅ) നടത്തുന്ന ‘മരിയ നിലയം’ ആശുപത്രിയും ആതുരസേവനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഇവ കൂടാതെ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഡിസ്പെന്‍സറികളും ഫെറോനയുടെ പല ഭാഗത്തുമുണ്ട്. തിരുവനന്തപുരം അതിരൂപതയുടെ മാത്രല്ല കേരളത്തിന്‍റെ തന്നെ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് പൊഴിയൂര്‍ മേഖലയിലെ മദ്യവിമുക്ത പ്രവര്‍ത്തനങ്ങള്‍. മത്സ്യത്തിന്‍റെ ദൗര്‍ലഭ്യവും അത് തീരദേശത്ത് സൃഷ്ടിച്ച ദാരിദ്യവും കാരണം പൊഴിയൂര്‍ പ്രദേശത്തെ ജനങ്ങള്‍ നാടന്‍ ചാരായ വാറ്റിലേയ്ക്ക് തിരിയുകയും അത് ഒരു വലിയ വ്യവസായമാകുകയും ചെയ്തു. മാറി മാറി വന്ന ഭരണകൂടത്തിനോ പ്രാദേശിക ഭരണാധികാരികള്‍ക്കോ ക്രമസമാധാനപാലകര്‍ക്കോ നിയന്ത്രിക്കാന്‍ പറ്റാത്ത ഈ വ്യാജച്ചാരായവാറ്റ് പലതരം സാമൂഹ്യപ്രശ്നങ്ങളും സൃഷ്ടിച്ചു. 1990 ല്‍ ബിഷപ്പ് സൂസപാക്യം രൂപതാമെത്രാനായി അധികാരമേറ്റ ശേഷം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രൂപതയില്‍ നടന്ന ചാരായനിരോധനവിപ്ലവത്തിന്‍റെ ഭാഗമായി 1993 ജൂലൈ 31 മുതല്‍ പൊഴിയൂരില്‍ ചാരായവാറ്റും വില്‍പ്പനയും എന്നേയ്ക്കുമായി നിര്‍ത്തലാക്കി. മാത്രമല്ല സര്‍ക്കാര്‍ നിയന്ത്രിത കള്ളുഷാപ്പുകളെപോലും ഫെറോനഅതിര്‍ത്തിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആദ്ധ്യത്മിക അജപാലനരംഗങ്ങളില്‍ പാരമ്പര്യ വാദികളാണ് ഈ ഫെറോനയിലുള്ളത്. 1990 വരെ ഊരുകൂട്ടങ്ങളുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുത്തിരുന്ന ഇടവക കമ്മറ്റിക്ക് വിരാമമിടുകയും അതിനുശേഷം ബി.സി.സി. വഴി ഇടവക കമ്മിറ്റികളെയും ശുശ്രൂഷാസമിതികളെയും തിരഞ്ഞെടുത്തുതുടങ്ങുകയും ചെയ്തു. അജപാലനസമിതികളും ഭക്ത സംഘടനകളും മതബോധനക്ലാസ്സുകളും വളരെയധികം ജനപങ്കാളിത്തത്തോടെ ഇവിടെ നടക്കുന്നു. പോര്‍ച്ചുഗീസ് പാരമ്പര്യവുമായി ബന്ധമുള്ള കൊമ്പ്രിയ സഭകള്‍ ഇന്നും ഈ ഫെറോനയിലെ തീരദേശ ഇടവകകളില്‍ നിലനില്‍ക്കുന്നു. ഓരോ ഇടവകയുടെയും ആദ്ധ്യാത്മിക-അജപാലന-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ സുസ്ത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്നവരാണ് ഈ ഫെറോനയിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍വെന്‍റുകള്‍.
1) മിഷണറി സിസ്റ്റേഴ്സ് ഓഫ് ക്യൂന്‍ ഓഫ് ദി അപ്പോസ്റ്റല്‍സ് ,മരിയനിലയം – അടിമലത്തുറ
2) ആന്‍സിലാ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മെഡോണ ഭവന്‍ – കൊച്ചുപള്ളി
3) സിസ്റ്റേഴ്സ് ഓഫ് ദി ഡിവൈന്‍ സേവ്യര്‍, ദീപാ സദന്‍- പുല്ലുവിള
4) കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസിയന്‍ കര്‍മ്മലയിറ്റ് (ഇഠഇ),സെന്‍റ് ജൂഡ്സ് കോണ്‍വെന്‍റ് – പുല്ലുവിള
5) സലേഷ്യന്‍ സിസ്റ്റേഴ്സ് ഓഫ് ഡോണ്‍ ബോസ്കോ (എങഅ), – ലൗറഭവന്‍-പുതിയതുറ
6) ഫ്രാന്‍സിസ്ക്കന്‍ മിഷണറീസ് ഓഫ് മേരി (എങങ),ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദസ് കോണ്‍വെന്‍റ്- ലൂര്‍ദ്ദ്പുരം
7) മിഷണറീസ് ഓഫ് ചാരിറ്റി (ങഇ) – കൊച്ചുതുറ
8) സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ്സ് ബനഡിക്ട് കൊത്തലിംഗോ (ടഖആഇ) – കരുംകുളം
9) സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ഡോറോത്തിസ് ഓഫ് ദി സേക്രട്ട് ഹാര്‍ട്ട്സ് (ഉടഒ) സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്‍റ്-പൂവാര്
10) ഡോമിനിക്കന്‍ സിസ്റ്റേഴ്സ് (ഛജ), മരിയപുസ്പാന്‍ കോണ്‍വെന്‍റ്-പരുത്തിയൂര്‍
11) സിസ്റ്റഴ്സ് ഓഫ് ചാരിറ്റി (ടഇഇഏ), സെന്‍റ് മാത്യൂസ് കോണ്‍വെന്‍റ്-സൗത്ത് കൊല്ലംകോട്‍
പുല്ലുവിള ഫെറോനയില്‍ സേവനമനുഷ്ഠിക്കുന്ന പുരുഷ സന്യാസസഭകളാണ് പൂവാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈശോ സഭാ വൈദീകരും പുളുങ്കുടി ബദ്സയ്ദായിലെ കര്‍മ്മലീത്താ വൈദീകരും. 1968 ല്‍ ഈശോസഭാ വൈദീകനായിരുന്ന ഫാ. ആന്‍റണി മണിപ്പാടം, ലയോള ചാരിറ്റബിള്‍ സോസൈറ്റി സ്ഥാപിക്കുകയും അതിലൂടെ വിവിധ തൊഴില്‍ പരിശീലനങ്ങളും അനുബന്ധ വിദ്യാഭ്യാസ പരിപാടികളും നടത്തിവരികയും ചെയ്തിരുന്നു. പൂവാറിലെ ജനങ്ങളുടെ സാംസ്ക്കാരിക വിദ്യാഭ്യാസ ഉന്നമനത്തിന് വളരെയേറെ സംഭാവനകള്‍ നല്‍കിയ ഒരു സ്ഥാപനമാണിത്. 1989ല്‍ പുളുങ്കുടിയില്‍ വന്ന കര്‍മ്മലീത്താ വൈദീകര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സെന്‍റ് പീറ്റേഴ്സ് ആശ്രമം ബദ്സയ്ദ ധ്യാന കേന്ദ്രം, സെന്‍റ് പീറ്റേഴ്സ് ചാപ്പല്‍, ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ച് (ചൊവ്വര), റൊസമിസ്റ്റിക്ക ഓര്‍ഫനേജ്, ബാല യേശു ഭവന്‍, സെന്‍റ് തെരേസാസ് ഗേള്‍സ് ഹോം എന്നിവ സ്ഥാപിച്ചു. പുല്ലുവിള ഫെറോനയിലെ ജനങ്ങളുടെ ആദ്ധ്യാത്മിക വിദ്യാഭ്യാസ സാമൂഹ്യ വളര്‍ച്ചയ്ക്ക് ഇവ മുതല്‍കൂട്ടാണ്. തിരുവനന്തപുരം രൂപതാ രൂപീകരണത്തിനു മുമ്പുതന്നെ വളരെയധികം ദൈവവിളികള്‍ ഉണ്ടായിരുന്ന ഒരു പ്രദേശമാണ് പുല്ലുവിള ഫെറോന. ഇന്നും ആ സ്ഥിതിക്ക് വലിയമാറ്റം സംഭവിച്ചിട്ടില്ല. പുല്ലുവിള ഫെറോയില്‍ തീരദേശ ഇടവകകള്‍ക്കു പുറമേ മിഷന്‍ പ്രദേശങ്ങളും ഉണ്ട് അക്കൂട്ടത്തില്‍ വളരെ പഴക്കമേറിയ 2 ഇടവകകളാണ് കൊച്ചുപള്ളിയും ലൂര്‍ദ്ദ്പുരവും. സാംസ്ക്കാരികമായും സാമൂഹികമായും ഈ ഇടവകകള്‍ തീരദേശത്തിന്‍റെ പൊതു സ്വഭാവത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ആദ്യകാലങ്ങളില്‍ തീരദേശ ഇടവക വൈദീകരുടെ മേല്‍നോട്ടത്തിലായിരുന്നു ഈ ഇടവകകളെങ്കിലും അവര്‍ക്ക് തനതായ ഭരണസംവിധാനം ഉണ്ടായിരുന്നു. കൊച്ചുപള്ളിയുടെ സബ്സ്റ്റേഷനായി ചൊവ്വര ഇടവകയും ലൂര്‍ദ്ദുപുരത്തിന്‍റെ സബ്സ്റ്റേഷനായി വെള്ളലുമ്പ്, കരിച്ചല്‍, ഇടവകകളും സ്ഥിതിചെയ്യുന്നു.